സംസ്ഥാനത്തെ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ ഒരു ചുവടുവെപ്പിന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് തുടക്കം കുറിക്കുകയാണ്. വ്യവസായ അപകടങ്ങൾ ഇല്ലാത്ത ‘വിഷൻ സീറോ’ എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന സമഗ്ര ജിയോസ്പേഷ്യൽ ഡിജിറ്റൽ ഗവേണൻസ് സംവിധാനമാണ് ‘കെ-സേഫ്’ (K-SAFE - Kerala Spatial Administration for Factory Enforcement). വ്യവസായ വികസനത്തെ സാമ്പത്തിക വളർച്ചയുടെ കണക്കുകളിൽ മാത്രമല്ല, തൊഴിലാളികളുടെ ക്ഷേമത്തിൽ കൂടിയാണ് കേരളം അടയാളപ്പെടുത്തുന്നത് എന്ന സർക്കാർ ദർശനത്തിന്റെ സാക്ഷാത്കാരമാണ് ഈ പദ്ധതി.
സംസ്ഥാനത്തെ ഓരോ ഫാക്ടറിയെയും ബോയിലറുകളെയും ഒരു ഡിജിറ്റൽ ഭൂപടത്തിൽ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന രീതിയാണിത്. ഇതിലൂടെ ഫാക്ടറി റെക്കോർഡുകൾ വെറും പേപ്പർ ഫയലുകളിൽ നിന്ന് മാറി ഒരു ‘ലിവിംഗ് മാപ്പിലേക്ക്’ മാറുകയാണ്. ഇതിനായി രൂപീകരിച്ച ഫാബ്-ജിഐഎസ് (FAB-GIS) എന്ന വെബ് പോർട്ടലിലൂടെ ഓരോ വ്യവസായ യൂണിറ്റും ഭൂപടത്തിൽ വ്യക്തമായി തിരിച്ചറിയപ്പെടും. ഇതുവഴി ഉദ്യോഗസ്ഥർക്ക് വ്യവസായങ്ങളുടെ സ്വഭാവം, അപകടസാധ്യത (Hazard Profile) എന്നിവ വിരൽത്തുമ്പിൽ വിശകലനം ചെയ്യാൻ സാധിക്കും.
തീപിടുത്തം, രാസചോർച്ച തുടങ്ങിയ അപകടങ്ങൾ സംഭവിക്കുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ സഹിതം തത്സമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ ഈ സംവിധാനം സഹായിക്കും. എസ്.എം.എസ്, വാട്‌സ്ആപ്പ്, വോയിസ് കോളുകൾ എന്നിവയിലൂടെ ഫയർ & റെസ്ക്യൂ , പോലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയ എമർജൻസി സർവീസുകളെ ഒരൊറ്റ ശൃംഖലയിൽ ബന്ധിപ്പിക്കുന്നു. കൂടാതെ, ഹൈവേകളിൽ ടാങ്കറുകൾ അപകടത്തിൽപ്പെട്ടാൽ സ്പേഷ്യൽ അനലിസിസ് വഴി സുരക്ഷിത പരിധി (Buffer Zone) നിർണ്ണയിക്കാനും സമീപത്തെ ജനവാസ കേന്ദ്രങ്ങളെ ഉടൻ മാറ്റാനും കെ-സേഫ് സഹായിക്കും.
ഫാക്ടറി ഉടമകൾക്ക് തങ്ങളുടെ സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ഡിജിറ്റലായി അപ്‌ഡേറ്റ് ചെയ്യാനും ഉദ്യോഗസ്ഥർക്ക് ഫീൽഡ് പരിശോധനകൾ മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്താനും സാധിക്കും. കേവലം നിയമങ്ങൾ നടപ്പിലാക്കുന്ന പരിശോധനാ സംവിധാനത്തിൽ നിന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ അപകടങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്ന (Predictive Prevention) ഉന്നതതല ഭരണസംവിധാനത്തിലേക്ക് കേരളം മാറുകയാണ്. അത്യാധുനികമായ ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ സുതാര്യവും വേഗതയാർന്നതുമായ ഡിജിറ്റൽ ഗവേണൻസിൽ കേരളം ഒരിക്കൽ കൂടി രാജ്യത്തിന് മാതൃകയാവുകയാണ്. 'വിഷൻ സീറോ' എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം ഈ പദ്ധതിയിലൂടെ കൂടുതൽ സുരക്ഷിതമാകുന്നു. വ്യവസായ സൗഹൃദവും തൊഴിലാളി സുരക്ഷിതവുമായ ഒരു നവകേരളം കെട്ടിപ്പടുക്കുന്നതിൽ 'കെ-സേഫ്' നിർണ്ണായക പങ്കുവഹിക്കും. അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് അവ തിരിച്ചറിയാനും , ദുരന്തങ്ങളാകുന്നതിന് മുൻപ് അവ തടയാനും സാധിക്കുന്ന ഈ ഡിജിറ്റൽ രക്ഷാകവചം, കേരളത്തിലെ ഓരോ തൊഴിലാളിക്കും സർക്കാർ നൽകുന്ന വലിയൊരു സുരക്ഷാ ഉറപ്പാണ്.
