തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും തൊഴിലാളി ക്ഷേമവും ഉറപ്പാക്കുന്നത് കേവലം ഒരു ഭരണപരമായ ഉത്തരവാദിത്തം മാത്രമല്ല; അത് ആധുനിക സമൂഹത്തിന്റെ നീതിബോധവും മനുഷ്യജീവനോടുള്ള സർക്കാരിന്റെ ആഴത്തിലുളള പ്രതിബദ്ധതയുമാണ്. തൊഴിലാളികൾക്ക് ഭയമില്ലാതെ, തടസ്സമില്ലാതെ, സമയബന്ധിതമായി അവരുടെ തൊഴിലിടങ്ങളിലെ സുരക്ഷാ-ആരോഗ്യ പ്രശ്നങ്ങൾ അറിയിക്കാൻ കഴിയുന്ന ഒരു ശക്തമായ സംവിധാനത്തിന്റെ ആവശ്യം ഉയർന്നുവന്നത്.
ഈ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് കേരള സർക്കാരിന്റെ തൊഴിൽ-ക്ഷേമ നയങ്ങളുടെ ഭാഗമായി, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഫാക്ടറി തൊഴിലാളികൾക്കായി "തൊഴിൽ സുരക്ഷ (Thozil Suraksha)” എന്ന അത്യാധുനിക ഡിജിറ്റൽ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരാതി പരിഹാര മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ഈ മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചാണ് ഇന്ന് ഇവിടെ നടത്തുന്നത്.
തൊഴിൽ സുരക്ഷ – എന്താണ് ഈ ആപ്പ് ?
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് വികസിപ്പിച്ച ഈ ആപ്പ്, പരമ്പരാഗതമായ കൈയ്യെഴുത്ത് പരാതികളും ഓഫീസ് സന്ദർശനങ്ങളും ഒഴിവാക്കി, ഒരു മൊബൈൽ ഫോണിലൂടെ തന്നെ തൊഴിലിട സുരക്ഷാ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയുന്ന സംവിധാനം ഒരുക്കുന്നു.
സാധാരണക്കാരായ തൊഴിലാളികൾക്ക് തങ്ങളുടെ പരാതികൾ ഏറ്റവും ലളിതമായി അധികാരികളെ അറിയിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ആപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത വോയിസ്-അധിഷ്ഠിത (Voice-enabled) പരാതി സമർപ്പണ സംവിധാനമാണ്.
മലയാളം ഉൾപ്പെടെ പതിനൊന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാകുന്നതിന് ദേശീയ തലത്തിലുള്ള ഭാഷാ സാങ്കേതിക പിന്തുണയായ Bhashini പ്ലാറ്റ് ഫോമിന്റെ Speech-to-Text സംവിധാനമാണ് സാങ്കേതിക അടിസ്ഥാനമായി ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി തൊഴിലാളിയുടെ ശബ്ദം കൃത്യമായി ഡിജിറ്റൽ പരാതിയായി മാറ്റപ്പെടുകയും, ഭാഷാ തടസ്സങ്ങൾ മറികടന്ന് ഭരണ സംവിധാനത്തിലേക്ക് അതിവേഗം എത്തിക്കുകയും ചെയ്യുന്നു.
കേരളത്തിലെ ഫാക്ടറികളിലും നിർമ്മാണ മേഖലയിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും, പ്രാദേശിക ഭാഷ പരിജ്ഞാനം പരിമിതമായ തൊഴിലാളികൾക്കും, വായന-എഴുത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഇത് ഒരു വലിയ ആശ്വാസമാണ്.
മൊബൈൽ OTP അടിസ്ഥാനത്തിലുള്ള അധികൃത ഉപയോക്തൃ സ്ഥിരീകരണം ഉറപ്പാക്കുന്നു. പരാതികൾ വോയിസ്, ടെക്സ്റ്റ് , ഫോട്ടോ, വീഡിയോ എന്നീ മൾട്ടിമീഡിയ രൂപങ്ങളിൽ സമർപ്പിച്ചതിനുശേഷം അന്തിമ നടപടി വരെ സ്റ്റാറ്റസ് ട്രാക്കിംഗ് സൗകര്യം ലഭ്യമാകുകയും ചെയ്യുന്നു.
ഫാക്ടറികൾക്ക് പുറമെ, നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഈ ആപ്പ് ഒരു ശക്തമായ, വിശ്വാസ്യതയുള്ള വേദി ഒരുക്കുന്നു. ഈ മൊബൈൽ ആപ്ലിക്കേഷൻ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും മാർച്ച് ആദ്യവാരത്തോടെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റു പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.
തൊഴിലിട സുരക്ഷയെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സുതാര്യവും പ്രതികരണക്ഷമവുമായ സംവിധാനമായി മാറ്റുകയാണ് ലക്ഷ്യം.
